ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. 15,82,730 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 ഇതുവരെ ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് പേര് ചികിത്സയിലാണ്. മുപ്പതിനായിരത്തിലധികം പേര് മരിച്ചു.
കോവിഡ് 19 ബാധിച്ച 9,88,029 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 35,286 പേര് രോഗമുക്തി നേടി. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.
രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണ്.
രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലും രോഗമുക്തി നിരക്കും ഉയര്‍ന്നതാണ്. മഹാരാഷ്ട്രയില്‍ 2,32,227 പേര് മുംബൈയിലും, 1,56,966 പേര് തമിഴ്നാട്ടിലും, 1,18,633 പേര് ഡല്‍ഹിയിലും രോഗമുക്തി നേടി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ഘടകം മരണനിരക്കിലുളള കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണനിരക്ക്.
‘പത്തുലക്ഷം പേര് രോഗമുക്തി നേടിയെന്നുളളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും നാം പുതിയ കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേസുകളിലെ വര്‍ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉയര്‍ന്നതോതിലുളള പരിശോധനകള്‍ക്കൊപ്പം പോസിറ്റീവ് കേസുകള്‍ കുറയുകയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുകയും ചെയ്താല്‍ മാത്രമേ കോവിഡ് 19 വ്യാപനം കുറയുന്നതായി കണക്കാക്കാന്‍ സാധിക്കൂ.’പബ്ലിക് ഹെല്‍ത്ത് സിസ്റ്റംസ് സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഡോ.പ്രീതി കുമാര്‍ പറയുന്നു.
രാജ്യത്തെ കോവിഡ് 19 പരിശോധനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പത്തുലക്ഷംപേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്.