തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാന്‍ അവള്‍ തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി കണക്കുകൂട്ടലുകള്‍ തകിടംമറിഞ്ഞു. കാര്‍ പാര്‍ക്കിങ്ങില്‍ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിന്‍ സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്.
ആശുപത്രിയില്‍ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിന്‍)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍.
നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്.
പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു.
കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിന്‍ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി. നെവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടി.
Follow us on pathram online