തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുകയാണെന്നും ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ജില്ലയില്‍ 2723 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര് ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. ജില്ലയിലെ ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. പാറശാല, പൊഴിയൂര്‍ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.