20 മിനിറ്റുകൊണ്ട് കോവിഡ് പോസിറ്റീവാണോ എന്നറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ രക്ത പരിശോധന ഗവേഷകര്‍ വികസിപ്പിച്ചു. രക്ത സാംപിളുകളിലെ 25 മൈക്രോലിറ്റര്‍ പ്ലാസ്മ ഉപയോഗിച്ചാണ് ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകാലാശാലയിലെ ഗവേഷകര്‍ ഈ പരിശോധന നടത്തിയത്.
സാര്‍സ് കോവ്-2 അണുബാധയോടുള്ള പ്രതികരണമായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ സാന്നിധ്യമാണ് അഗ്ലൂട്ടിനേഷന്‍ അസേ (Agglutination assay) എന്ന ഈ അതിവേഗ പരിശോധനയില്‍ അളക്കുന്നത്. കോവിഡ് പോസിറ്റീവായ രോഗിയുടെ രക്ത കോശങ്ങളില്‍ സംയോജനം (Agglutination) സംഭവിക്കുമെന്നും ഇത് വളരെയെളുപ്പം കണ്ടെത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. എസിഎസ് സെന്‍സേര്‍സ് ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു.
ഉയര്‍ന്ന റിസ്‌കുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അതിവേഗം സ്‌ക്രീന്‍ ചെയ്ത് സമൂഹ വ്യാപനം ചെറുക്കാനും രോഗമുള്ളവരെ തിരിച്ചറിയാനും സമ്പര്‍ക്ക അന്വേഷണം നടത്താനും പരീക്ഷണ ഘട്ടത്തില്‍ വാക്‌സിനുകളുടെ കാര്യക്ഷമത അറിയാനും ഈ പഠനത്തിലെ കണ്ടെത്തലുകള്‍ സഹായിക്കും.
ലളിതമായ ലാബ് സംവിധാനങ്ങളുപയോഗിച്ച് മണിക്കൂറില്‍ 200 രക്ത സാംപിളുകള്‍ വരെ ഇത്തരത്തില്‍ പരിശോധിക്കാം. ഉയര്‍ന്ന നിലവാരത്തിലെ പരിശോധന യന്ത്രങ്ങളുള്ള ആശുപത്രികളില്‍ മണിക്കൂറില്‍ 700 രക്ത സാംപിളുകളും പ്രതിദിനം 16,800 സാംപിളുകളും പരിശോധിക്കാനാകും.
ഈ കണ്ടുപിടുത്തത്തിന് പേറ്റന്റിനായി അപേക്ഷിച്ച ഗവേഷകര്‍ ഇത് വാണിജ്യ തലത്തില്‍ വികസിപ്പിക്കാന്‍ ഗവണ്‍മെന്റിന്റേത് അടക്കമുള്ള സഹായം തേടി.
FOLLOW US: pathram online