ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിരിക്കുന്നത് 15,975 കിടക്കകൾ

കൊവിഡ് ചികിത്സക്കായി മാത്രമുള്ള ആശുപത്രിക്കിടക്കകൾക്ക് പുറമെ 15,975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയിൽ 4535 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രോഗ്യപ്രവർത്തകർക്കായുള്ള 3,42,000 എൻ-95 മാസ്കുകളും 3,86,000 പിപിഇ കിറ്റുകളും 16,10,000 ത്രീ ലെയർ മാസ്കുകളും 40,30,000 ഗ്ലൗസുകളും സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

80 വെൻ്റിലേറ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങി. 270 ഐസിയു വെൻ്റിലേറ്ററുകൾ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചു. 2 ആഴ്ചക്കകം 50 വെൻ്റിലേറ്ററുകൾ കൂടി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 6007 വെൻ്റിലേറ്ററുകൾക്ക് രാപ്പകൽ പ്രവർത്തിക്കാനുള്ള ഓസ്കിജൻ സ്റ്റോക്കുണ്ട്. 7 മെഡിക്കൽ കോളജുകളിലും ലിക്വിഡ് ഓക്സിജൻ സൗകര്യം ലഭ്യമാണ്. 947 ആംബുലൻസുകൾ കൊവിഡ് കാര്യങ്ങൾക്ക് മാത്രമായി സജ്ജമാണ്. ഇ-സഞ്ജീവനി ടെലി മെഡിസിൻ സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു.

50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 19 എണ്ണം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. നിലവിലെ സാഹചര്യം നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കിൽ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7