1500 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചത് അരമണിക്കൂര്‍ കൊണ്ട്‌

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ നവംബറോടെ ഇന്ത്യയിലെത്തുമെന്നും ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ക്ലിനിക്കല്‍ ട്രയലിനൊപ്പം തന്നെ ‘കോവിഷീല്‍ഡി’ന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു.

പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1500 കോടി രൂപ) ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചതെന്നും അദര്‍ പൂനവാല പറഞ്ഞു. രണ്ടും മൂന്നും ഘട്ട ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചു കളയേണ്ടിവരുമെന്ന വെല്ലുവിളിയാണു മുന്നിലുളളത്. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യമാണ് ഉണ്ടായിരുന്നത്. വെറും 30 മിനിട്ടിനുള്ളില്‍ തന്നെ മുന്നോട്ടുപോകാനുള്ള തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നുവെന്നും അദര്‍ പൂനവാല പറഞ്ഞു.

ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്നു ലാന്‍സെറ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശരീരത്തില്‍ ആന്റിബോഡിക്കൊപ്പം വൈറസിനെ നശിപ്പിക്കുന്ന ടി-സെല്ലുകള്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നത് ഇരട്ടസംരക്ഷണം നല്‍കും. വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല എന്നതും ശുഭകരമാണ്.

ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണു നടത്തുന്നതെന്ന് അദര്‍ പൂനവാല പറഞ്ഞു. രണ്ടര മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. ട്രയല്‍ പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസം 60 മില്യണ്‍ വാക്‌സിന്‍ വയലുകളാവും നിര്‍മിക്കുക. ഇതില്‍ പകുതി കയറ്റുമതി ചെയ്യും. ബാക്കി 30 മില്യണ്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കും. ഇന്ത്യക്കൊപ്പം ലോകത്താകെയും വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ അതുകൊണ്ടു ഗുണമുണ്ടാകില്ലെന്നും ഇക്കാര്യം അധികൃതര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദര്‍ പുനവാല പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7