കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്നതു സ്വപ്ന സുരേഷ് നാഗര്‍കോവില്‍ ഭാഗത്തെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. തിരുവനന്തപുരം, ബാലരാമപുരം കോടതിയില്‍ കീഴടങ്ങാനാണു സമീപപ്രദേശമായ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ തങ്ങുന്നതെന്നാണു സൂചന. സ്വപ്ന ബാലരാമപുരം സ്വദേശിയാണ്. തിരുവനന്തപുരത്ത് ഭരണരംഗത്തെ പ്രമുഖന്റെ വസതിയിലെത്തിയ സ്വപ്നയെ ഒളിത്താവളത്തിലെത്തിച്ചത് അബ്കാരി സുഹൃത്താണ്. ഭരണതലത്തില്‍ വിപുലമായ ബന്ധങ്ങളുള്ള ഇയാളുടെ ആഡംബരവാഹനത്തിലായിരുന്നു യാത്ര.
കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ കസ്റ്റംസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യുന്നതായും സൂചനയുണ്ട്. സ്വപ്ന ഇന്നലെ െഹെക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നതു കോയമ്പത്തൂരിലെ അഭിഭാഷകനാണ്. കസ്റ്റംസ് അന്വേഷണസംഘങ്ങള്‍ നാഗര്‍കോവിലിലും ബാലരാമപുരത്തും നിലയുറപ്പിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം കിട്ടിയില്ലെങ്കില്‍, പിടികൊടുക്കാതെ കീഴടങ്ങാനാണു സ്വപ്നയുടെ നീക്കം. ഇവര്‍ക്കു കള്ളക്കടത്തുസംഘങ്ങളുടെ ഭീഷണിയുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.
അതീവരഹസ്യമായി കോയമ്പത്തൂരിലെത്തിയ സ്വപ്ന അഭിഭാഷകനെക്കണ്ട് വക്കാലത്ത് ഒപ്പിട്ടുപോയശേഷമാണു കസ്റ്റംസ് വിവരമറിഞ്ഞത്. സ്വന്തം ഫോണിനു പകരം അമ്മയുടെ ഫോണാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്, ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ആറുസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്; തിരുവനന്തപുരം കേന്ദ്രീകരിച്ച് മൂന്നും കൊച്ചി കേന്ദ്രീകരിച്ച് രണ്ടും. ദുബായിലെ അന്വേഷണത്തിനു ഡി.ആര്.ഐയുടെ സഹായം തേടും.
follow us: PATHRAM ONLINE