കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ടു കരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് യു.പിയില്‍നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളാണ് മൂന്നു വയസ്സുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്നത്. ഞായറാഴ്ച വൈകുന്നേരം 4.45-നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
കടുത്ത പനിയും തൊണ്ടയില്‍ മുഴയുമായാണ് കുഞ്ഞിനെ മാതാപിതാക്കള്‍ കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ചികിത്സിക്കാനാകില്ലെന്നും കാണ്‍പുരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു.
മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ സ്പര്‍ശിക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല. കുഞ്ഞിനെ ദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിന്റെ പിതാവ് പ്രേംചന്ദ് പറയുന്നു. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു. സമയത്ത് ചികിത്സ നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ഡോക്ടര്‍ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിച്ചു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.
FOLLOW US: pathram online