ഷംന കാസിം കേസ്: ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്, മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്പോള്‍ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്.

ചെറുക്കന്റെ അമ്മാവന്‍, അച്ഛന്റെ സഹോദരന്‍ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തില്‍ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാല്‍ വലിയ താല്‍പര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു.

ലൈവ് വിഡിയോയില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരിച്ചത് മറ്റൊരാളാണ്. ഇവര്‍ക്ക് ഷംനയുടെ നമ്പര്‍ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി ബന്ധമില്ലെന്നും സിനിമയില്‍ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഷംന കാസിം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തി പൊലീസിന് മൊഴി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊച്ചിയിലെത്തിയ ശേഷം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഷംന കാസിമിന്റെ പരാതിക്കു പിന്നാലെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ തൃശൂര്‍ വാടാനപ്പിള്ളിയില്‍ യുവതിയെ പറ്റിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തതായി നേരത്തെ പൊലീസില്‍ പരാതി ലഭിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇപ്പോള്‍ പ്രതികളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വന്നതോടെ പൊലീസ് അന്വേഷണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവാഹം ആലോചിച്ച് 2018 ജൂലൈയ്ക്കും 2019 ജനുവരിക്കും ഇടയില്‍ യുവതിയില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് ആരോപണം. ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും പണം വാങ്ങിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് പറ്റിച്ചത്. വിദേശത്തും മറ്റും ആഡംബര വാഹനങ്ങളുടെ ഷോറും ഉണ്ടെന്നു പറഞ്ഞായിരുന്നു വിവാഹാലോചനയുമായി എത്തിയത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞാണ് പണം ചോദിച്ചു വാങ്ങിയത്. ഇവിടെയും ആള്‍മാറാട്ടവും നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വിവാഹത്തിന്റെ തുടര്‍ ആലോചനയ്ക്കായി വീട്ടിലേയ്ക്ക് എത്താമെന്നു പറഞ്ഞിട്ട് പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇവര്‍ വരാതിരുന്നതോടെയാണ് തട്ടിപ്പു മനസിലായത്. ഇതോടെ പണം തിരികെ വേണം എന്നാവശ്യപ്പെട്ടതോടെ യുവതിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7