വാഷിങ്ടന്‍: ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനു വേണ്ടി സേനയെ നേരത്തേത്തന്നെ ചൈനയുടെ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതലപ്പെടുത്തിയിരുന്നെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ജാവോ സോങ്ഷിയാണ് ഉത്തരേന്ത്യയിലെയും തെക്കുപടിഞ്ഞാറന്‍ ചൈനയിലെയും അതിര്‍ത്തി പ്രദേശത്തെ ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ ഏറ്റവും അടുപ്പക്കാരന് കൂടിയാണ് ഇയാള്‍.
ചൈനയെ ഇന്ത്യയും യുഎസും അടക്കമുള്ള സഖ്യകക്ഷികള്‍ ചൂഷണം ചെയ്യുകയാണെന്നും അതിനെതിരെ പ്രതികരിക്കുന്നതില്‍ ചൈന ദുര്ബലരാകുന്നുവെന്നും ജാവോ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചതെന്നുമാണ് യുഎസ് റിപ്പോര്‍ട്ട്. ജൂണ്‍ 15ന് രാത്രി കിഴക്കിന് ലഡാക്കിലെ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് ചൈന നിരത്തിയ വാദങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഗല്‍വാനിലെ സംഘര്‍ഷം പെട്ടെന്നുള്ള പ്രകോപനത്താന് അനിയന്ത്രിമായി സംഭവിച്ചതല്ലെന്നും ഇന്ത്യയ്ക്കെതിരെ ഭരണകൂടതലത്തില്‍ നടന്ന ശക്തമായ ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്നുമുള്ള വിവരമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ജൂണ്‍ 15നു രാത്രി ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യില്‍ ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്രോള്‍ പോയിന്റ് 14ല്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ കാത്തിരുന്നത് ആണി തറച്ച ബേസ് ബോള്‍ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നു. അവര്‍ ആക്രമണവും തുടങ്ങി. പിന്നാലെ ഇന്ത്യന്‍ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു. കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാള്‍ മാരകമായ ആള്‍നാശമാണുണ്ടാക്കിയതെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സൈനികരില്‍ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഘര്‍ഷം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ചൈനയുടെ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അതിര്‍ത്തി തര്‍ക്കത്തിന് അതീതമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ 5ജി സംവിധാനമൊരുക്കുന്നതിന് ചൈനീസ് കമ്പനിയായ ഹുവാവേയുടെ സഹായം തേടേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചതായാണു വിവരം. ഇക്കാര്യം വര്‍ഷങ്ങളായി യുഎസ് ഇന്ത്യയോട് ആവശ്യപ്പെടുന്നതുമാണ്. പുതിയ 4ജി സേവനങ്ങള്‍ നല്കുമ്പോഴും ഹുവാവേയുടെ ഉപകരണങ്ങള്‍ പരിഗണിക്കേണ്ടെന്ന് ബിഎസ്എന്‍എല്ലിന് ഉള്‍പ്പെടെ കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.
ഗല്‍വാനിലെ സംഭവത്തിനുശേഷം, ഇന്ത്യയിലെ ഒട്ടേറെ പേര് ചൈനീസ് സാമൂഹിക മാധ്യമമായ ടിക് ടോക്ക് ഫോണില്‍ നിന്ന് അണ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തത് ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഉപകരണങ്ങള്‍ക്കെതിരെ വ്യാപക പ്രചാരവും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചൈന ലക്ഷ്യമിട്ട വിജയം നേടാനായില്ലെന്നു മാത്രമല്ല അവര്‍ ചിന്തിച്ചതിനു നേര്‍വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗല്‍വാനിലെ സംഘര്‍ഷത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് അറിവുണ്ടായിരുന്നോ എന്നത് അവ്യക്തമാണ്. ചൈനയുടെ പ്രധാന സൈനിക തീരുമാനങ്ങള്‍ ഷി അറിയാതെ നടപ്പാക്കില്ല എന്നാണു വിലയിരുത്തലെങ്കിലും അതില്‍ വ്യക്തത ലഭിക്കാനുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
follow us: pathram online