പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം, വാക്കുകള്‍ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉതകുന്നതാവരുത്..

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ശത്രുവിന് സ്വന്തം നിലപാടിനെ സാധൂകരിക്കാന്‍ അവസരം നല്‍കുന്നതാവരുത്. മോദി അവസരത്തിനൊത്ത് ഉയരണം. ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണു വേണ്ടത്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇതിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്‍പര്യം മുന്നിട്ടുനില്‍ക്കണം. ചൈനയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുത്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ കേണല്‍ സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉതകുന്നതാവരുത്. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ വിട്ടുവീഴച ചെയ്യരുത്. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും ചൈനീസ് വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പല തരത്തിലുള്ള സംസാരം രാജ്യതാല്‍പരത്തിനു ചേര്‍ന്നതല്ലന്നും മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന് ലഡാക്കിലെ ഇന്ത്യ–- ചൈന സൈനിക സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. സര്‍വകക്ഷി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനു പിന്നാലെ കോണ്‍ഗ്രസും നയതന്ത്ര, സുരക്ഷാ വിദഗ്ധരും വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്നും ഇപ്പോള്‍ അതിര്‍ത്തി കടന്ന് ആരും ഇന്ത്യന്‍ മണ്ണിലില്ലെന്നും ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ ആരും പിടിച്ചെടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. തുടര്‍ന്ന് മോദിയുടെ പ്രസ്താവന ദുരുപയോഗം ചെയ്യുകയാണെന്നു പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

എല്‍എസിയില്‍ (യഥാര്‍ഥ നിയന്ത്രണ രേഖ) ഇന്ത്യന്‍ വശത്ത് ചൈനീസ് സാന്നിധ്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞത് സൈന്യത്തിന്റെ ധീരമായ നടപടിയുമായി ബന്ധപ്പെടുത്തിയാണെന്നാണു പിഎംഒ വിശദീകരണം. കടന്നുകയറാന്‍ ശ്രമിച്ചവരെ പാഠം പഠിപ്പിച്ചുവെന്നു പറഞ്ഞത് നമ്മുടെ സൈനികരുടെ സവിശേഷ സ്വഭാവവും മൂല്യങ്ങളും സൂചിപ്പിച്ചാണ്. എന്നാല്‍, ചൈനീസ് നിലപാടിനു മറുപടിയെന്നോണം, കടന്നുകയറ്റമുണ്ടായെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7