മുല്ലപ്പള്ളിക്ക് മറുപടിയുമായി ശൈലജ ടീച്ചര്‍…

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശമത്തിന് മറുപടിയുമായി ശൈലജ ടീച്ചര്‍. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയതെന്നും ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പിന്നീട് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ശൈലജ ടീച്ചര്‍ എത്തിയിരിക്കുന്നത്.

ശൈലജ ടീച്ചറുടെ മറുപടി:

ഇത്തരം ആരോപണങ്ങള്‍ ഞാന്‍ മനസിലേക്കെടുക്കാറില്ല. കാരണം വളരെ തിരക്കിട്ട ജോലികളില്‍ മുഴുകിയിരിക്കുകയാണ് ഞാന്‍. ഈ ഭൂഗോളം മുഴുവന്‍ ഒരു വലിയ പോരാട്ടത്തിലാണ്. ഏറ്റവും കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള വൈറസാണ് ഇത്. ഈ പറയുന്നവര്‍ ഇതിന്റെ ഗൗരവം ഒട്ടും മനസിലാക്കാത്തവരാണ്. ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം ഈ സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.

1957 മുതല്‍ കേരളം പിന്തുടരുന്ന ആരോഗ്യ മാതൃകയാണ് നമ്മുടെ അടിസ്ഥാനം. കൊവിഡിനെതിരേ ഒറ്റ ടീമായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരും സഹമന്ത്രിമാരും മറ്റു വകുപ്പുകളും ഇതിനൊക്കെ നേതൃത്വം നല്‍കുന്ന നമ്മുടെ മുഖ്യമന്ത്രിയും പിന്നെ രോഗത്തിന്റെ ഗൗരവം നന്നായി മനസിലാക്കി പ്രവര്‍ത്തിക്കുന്ന ജനങ്ങളും. അവര്‍ക്കുള്ളതാണ് ഈ പൂച്ചെണ്ടുകള്‍. ആരോഗ്യ വകുപ്പിന്റെ ചുമതലക്കാരി എന്ന നിലയില്‍ ഞാന്‍ ഈ ടീമിനെ ഏകോപിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം കുടുംബം ഉപേക്ഷിച്ച് രോഗികള്‍ക്കൊപ്പം നില്‍ക്കുന്ന ഡോക്ടറമാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരുമാണ് റിയല്‍ ഹീറോസ്.

ആദ്യം എനിക്ക് മീഡിയാ മാനിയാ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ശൈലജടീച്ചര്‍ ആളാവാന്‍ നോക്കുന്നു എന്നായിരുന്നു അടുത്ത ബേജാറ്. ഇവരോടൊക്കെ ഇപ്പോള്‍ സഹതാപം മാത്രമേയുള്ളു. ഇതിനൊക്കെ മറുപടി പിന്നീടു പറയാം. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള പ്രശ്‌നത്തിന്റെ ഗൗരവമാണ് മുഖ്യം.

ചൈനയില്‍ വൈറസ് കണ്ടെത്തിയപ്പോള്‍തന്നെ നമ്മള്‍ ഇവിടെ തയാറായി. അന്നെടുത്ത നടപടി എത്ര നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഇല്ലായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക? നിപയുടെയും മറ്റും അനുഭവവെളിച്ചത്തില്‍ വുഹാനിലെ ഈ വൈറസിനെപ്പറ്റി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു വന്നപ്പോള്‍തന്നെ ആരോഗ്യവകുപ്പ് വിഷയം ഗൗരവമായെടുത്തു. തൃശൂരില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍തന്നെ അര്‍ദ്ധരാത്രിയില്‍ അവിടെയെത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ക്ക് തീരുമാനമായി. ആയോഗത്തില്‍ മന്ത്രി സുനില്‍ കുമാറും എ.സി.മൊയീതീനും കോണ്‍ഗ്രസ് എം.എല്‍.എ. അനില്‍ അക്കരയുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം അവസാനിച്ചത് വെളുപ്പിനെ മൂന്നു മണിക്കാണ്. ഇതു വല്ലതും മുല്ലപ്പള്ളിക്കറിയുമോ? എയര്‍പോര്‍ട്ടില്‍ സ്്ക്രീനിംഗ് സെന്ററുകള്‍ തുടങ്ങി. അന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അനാവശ്യമായി ഈ വിഷയത്തില്‍ ആളുകളെ പേടിപ്പിക്കുന്നു, നിങ്ങള്‍ അമേരിക്കയില്‍ നോക്കൂ അവിടെ മിറ്റിഗേഷന്‍ മെത്തേഡാണ് എന്നൊക്കെയാണ്. ഞാന്‍ ഓവര്‍ ആക്ട് ചെയ്യുന്നു എന്നായിരുന്നു കളിയാക്കല്‍. അവരുപറയുന്നതു കേട്ട് പ്രവര്‍ത്തിക്കാനാവില്ലെന്നും ടീച്ചര്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

എനിക്ക് എന്റെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ജനങ്ങളുടേയും കുടുംബത്തിന്റേയും പൂര്‍ണ പിന്തുണയുണ്ട്. അമ്മ ഇതിനൊന്നും പ്രതികരിക്കാന്‍ നില്‍ക്കരുത് എന്നാണ് എന്റെ മകന്‍ പറഞ്ഞത്.

പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. കോഴിക്കോട് നിപാ രോഗം പിടിപെട്ടപ്പോള്‍ വന്ന് പോകുക മാത്രമാണ് കെ കെ ശൈലജ ചെയ്തതെന്നും നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു’ എന്നുമായിരുന്നു പരാമര്‍ശം.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7