മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം

തിരുവനന്തപുരം: മദ്യവിതരണത്തിന് ബവ്‌റിജസ് കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ബവ്‌കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം. ബവ്‌കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെര്‍മല്‍ സ്‌കാനിങ് നടത്തും.

വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂആര്‍ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുന്‍പ് ഇ–ടോക്കന്‍ ക്യാന്‍സല്‍ ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മദ്യം നല്‍കുന്നതിനു മുന്‍പ് എസ്എംഎസ് കോഡ് ക്യാന്‍സല്‍ ചെയ്യും.

ഷോപ്പുകള്‍ക്കുള്ള ആപ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഷോപ്പിന്റെ ചുമതലയുള്ളവര്‍ക്ക് അയയ്ക്കും. ഈ ആപ് ഉപയോഗിച്ചാണ് ഇ–ടോക്കണ്‍ പരിശോധിക്കേണ്ടത്. ആപ്പില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബവ്‌കോ ഐടി വിഭാഗത്തിന്റെ സഹായത്തോടെ പരിഹരിക്കണം. ആദ്യ ദിവസങ്ങളില്‍ ഔട്ട്‌ലറ്റുകളും വെയര്‍ഹൗസുകളും പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ അധികം സുരക്ഷാ ജീവനക്കാരെ നിയമിക്കാം.

ഷോപ്പുകളിലെ ജീവനക്കാര്‍ക്കുള്ള മാസ്‌കും സാനിറ്റൈസറും വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. രാവിലെ 9 മുതല്‍ 5 വരെയായിരിക്കും മദ്യവിതരണം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ–ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ. കൊടുത്ത ടോക്കണുകളുടെ എണ്ണം കണക്കുകൂട്ടി എക്‌സൈസ് വകുപ്പിനെ അറിയിക്കണം. സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. അവ സാധാരണ കൗണ്ടറുകളായി പ്രവര്‍ത്തിപ്പിക്കാമെന്നും എംഡിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7