സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് : എല്ലാവരും പുറത്തുനിന്ന് വന്നവര്‍, രോഗമുക്തിയില്ല

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നു വീതം എന്നിങ്ങനെയാണ് രോഗ ബാധിതര്‍. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്.

വിദേശത്തുനിന്ന് എത്തിയ 4 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര 6, ഗുജറാത്ത് 1 , തമിഴ്‌നാട് 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രോഗബാധിതരുടെ കണക്ക്. 642 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 142 പേര്‍ ചികില്‍സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. 71545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 46958 സാംപിളുകളാണ് പരിശോധിച്ചത്. അതില്‍ 45527 എണ്ണത്തിന് രോഗബാധയില്ലെന്നു കണ്ടെത്തി.

സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഇടംപിടിച്ചത്.

സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാന്‍ഡം ടെസ്റ്റും സെന്റിനല്‍ സര്‍വൈലന്‍സ് ഫലങ്ങളും ഇതിനു തെളിവാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുന്നത് രോഗവ്യാപനം എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസിലാക്കാനാണ്. മുന്‍ഗണനാ വിഭാഗത്തില്‍ 5630 സാംപിള്‍ ശേഖരിച്ചു. 4 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടത്. സമൂഹവ്യാപനം കേരളത്തില്‍ ഉണ്ടായില്ലെന്നാണ് ഇത് കാണിക്കുന്നത്. 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ കോവിഡ് പാസുമായി എത്തി. 44,712പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ് വന്നത്. 63,239 പേര്‍ റോഡ് വഴി എത്തി. വിമാന മാര്‍ഗം എത്തിയ 53 പേര്‍ക്കും കപ്പല്‍വഴി എത്തിയ 6 പേര്‍ക്കും റോഡ് വഴിയെത്തിയ 46 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചു വരുത്തും. സംസ്ഥാനത്തെത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ സൂക്ഷിക്കണം. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഗുണം ചെയ്യില്ല. ചലനാത്മകത നല്ലതാണ്. കാര്യങ്ങള്‍ അയഞ്ഞുപോകാന്‍ പാടില്ല. തുറന്ന മനസോടെ അര്‍പ്പണ ബോധത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണം. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്‌കുകളും മറ്റും ആവശ്യത്ത് ലഭ്യമാക്കും. മരുന്നു ക്ഷാമം പരിഹരിക്കും. തട്ടുകടകള്‍ ഭക്ഷണം പാഴ്‌സല്‍ മാത്രമേ നല്‍കാവൂ. കടയിലിരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്.

ലോക്ഡൗണ്‍ കാലത്ത് ചില സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. സ്‌കൂളുകള്‍ തുറന്നതിനു ശേഷമേ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ തുടരണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നു. അത് നിയന്ത്രിക്കണം. ഇതിനായി ആരോഗ്യവകുപ്പില്‍നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. 10 വയസ്സിനു താഴെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിന് എത്തരുത്. മൊത്തവ്യാപാര തുണിക്കടകള്‍ തുറക്കാം. പരീക്ഷ തുടങ്ങുകയാണ് അതിന് സജ്ജീകരണം ഒരുക്കണം. ബസുകളുള്‍പ്പെടെ ഉള്ള സൗകര്യം ഒരുക്കും. ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനവും തുടങ്ങാം. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ നാളെ വൈകിട്ട് ആറിന് ന്യൂഡല്‍ഹിയില്‍നിന്നു പുറപ്പെടും.

അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു നടപടികള്‍ വിശദീകരിക്കും. നാട്ടിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്ന മുറയ്ക്ക് അവര്‍ക്കു തിരിച്ചു പോകാം. കോഴിക്കോടുനിന്നും ഒഡീഷയിലേക്ക് സൈക്കിളില്‍ പോകാന്‍ ശ്രമിച്ചവരെ തിരികെ എത്തിച്ചു. മാസ്‌ക് ധരിക്കാത്ത 2036 സംഭവം റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 16 കേസ്. നീറ്റ് പരീക്ഷ ജൂൈല 26ന് നടത്തും. യാത്രാ വിലക്കുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. യുഎഇയിലും മറ്റും പരീക്ഷാ കേന്ദ്രം തുടങ്ങണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7