കൊറോണ പരിശോധനാ ഫലം 15 മിനിറ്റിനുള്ളില്‍; ആഴ്ചയില്‍ നാല് ലക്ഷം പരിശോധന

ടോക്കിയോ : കൊറോണ പരിശോധനാ ഫലം 15 മിനിറ്റിനുള്ളില്‍ അറിയാന്‍ കഴിയുന്ന സംവിധാനവുമായി ജപ്പാന്‍. ജപ്പാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,000 കടന്നതോടെ രോഗസാന്നിധ്യം അതിവേഗം തിരിച്ചറിയാനുള്ള ആന്റിജന്‍ ടെസ്റ്റിലേക്കു മാറുകയാണ് ജപ്പാന്‍.

തദ്ദേശീയമായ വികസിപ്പിച്ച രാജ്യത്തെ ആദ്യ ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ജപ്പാന്‍ ബുധനാഴ്ച അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ രോഗപരിശോധനാ ലാബ് പരീക്ഷണ സേവനദാതാക്കളായ മിറാക്ക ഹോള്‍ഡിങ്‌സിന്റെ കീഴിലുള്ള ഫുജിറെബയോ ആണ് ആന്റിജന്‍ കിറ്റുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം തേടിയത്. ആഴ്ചയില്‍ 4,00,000 ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് നീക്കം. ഇതിലൂടെ 15 മിനിറ്റിനുള്ളില്‍ തന്നെ നിരവധി പേരുടെ ഫലമറിയാനാകുമെന്നും പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നുമാണു വിലയിരുത്തല്‍.

കോവിഡ് രോഗനിര്‍ണയത്തിന് ലോകമെമ്പാടും ഉപയോഗിക്കുന്നത് ആര്‍ടി പിസിആര്‍ (റിവേഴ്‌സ ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയാണ്. വൈറസിന്റെ ജനിതക സാന്നിധ്യം നേരിട്ടു തിരിച്ചറിയുന്നതിനാല്‍ കുറ്റമറ്റ രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ ഈ രീതി സഹായിക്കും. എന്നാല്‍ ഫലമറിയാന്‍ മണിക്കൂറുകള്‍ വേണമെന്നുള്ളതും ചെലവ് വളരെ കൂടുതലാണ് എന്നുള്ളതുമാണ് പോരായ്മ. അതേസമയം, വൈറസുകളിലോ വൈറസുകള്‍ക്കുള്ളിലോ ഉള്ള പ്രത്യേക പ്രോട്ടീന്‍ സാന്നിധ്യം തിരിച്ചറിയുകയാണ് ആന്റിജന്‍ ടെസ്റ്റില്‍ നടത്തുന്നത്. മൂക്കിലെ സ്രവപരിശോധനയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ചെലവു കുറഞ്ഞതും എളുപ്പത്തില്‍ നടത്താവുന്നതുമായ റാപിഡ് ടെസ്റ്റുകള്‍ നിലവിലുണ്ടെങ്കിലും കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താരമ്യേന കൃത്യത ഉറപ്പാക്കാവുന്ന ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. പ്രാഥമികതലത്തില്‍ അതിവേഗം രോഗികളെ കണ്ടെത്തി തുടര്‍ പരിശോധനയില്‍ പിസിആര്‍ ടെസ്റ്റിലൂടെ വിവരങ്ങള്‍ ഉറപ്പാക്കി മുന്നേറാനാണ് ജപ്പാന്‍ ശ്രമിക്കുന്നത്. വൈറസിന്റെ ജനിതക സാന്നിധ്യം കണ്ടെത്തുകയെന്നതിനെക്കാള്‍ രോഗബാധയുടെ പ്രാഥമിക ലക്ഷണങ്ങളാണ് സ്രവ പരിശോധനയിലൂടെ ആന്റിജന്‍ ടെസ്റ്റില്‍ കണ്ടെത്തുക.

അതിവേഗത്തില്‍ ഫലം കണ്ടെത്തുന്ന ആന്റിജന്‍ ടെസ്റ്റുകള്‍ കോവിഡിനെതിരെയുള്ള ജപ്പാന്റെ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. രോഗികളുടെ ക്രമാതീതമായ വര്‍ധന ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധമാകുന്നതായി ഡോക്ടര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ക്കു പോലും ചികിത്സ നല്‍കാനാകുന്നില്ല. ആദ്യം രോഗം ഭേദമാകുന്ന ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും രൂക്ഷമാകുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

നിലവില്‍ ദിവസം 12,000 പരിശോധനാ ഫലനിര്‍ണയം നടത്താനുള്ള സംവിധാനം മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കാനുള്ള നീക്കം. ജപ്പാന്‍ കോവിഡ് ബാധ കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന വിമര്‍ശനം ഇതിനിടെ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ആറിനാണ് ജപ്പാനില്‍ കോവിഡ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. 15,847 പേര്‍ക്കാണ് ജപ്പാനില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 633 പേര്‍ മരിച്ചു. 8,293 പേര്‍ക്കു രോഗം ഭേദമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7