ജൂണ്‍ ഒന്നുമുതല്‍ പറക്കാം…നിബന്ധനകളോടെ…. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് കമ്പനികള്‍

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍, ആദ്യം 80 വയസ്സിനു മേലുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കു മന്ത്രാലയം തുടക്കമിട്ടു.

അതേസമയം, അന്തിമ തീരുമാനം വരും മുന്‍പേ എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ ജൂണ്‍ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍നിന്നു ഡല്‍ഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗള്‍ഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. വരുംദിവസങ്ങളില്‍ 2530 % സര്‍വീസുകള്‍ ആരംഭിക്കുന്നതിനു തയാറാകാന്‍ പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി.

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍, യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പു വിമാനത്താവളത്തിലെത്തേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ കൗണ്ടര്‍ അടയ്ക്കും.

മറ്റു നിബന്ധനകള്‍

യാത്രക്കാര്‍ക്കു മാസ്‌ക് നിര്‍ബന്ധം. വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുന്‍പ് യാത്രക്കാരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇവര്‍ക്കു മറ്റൊരു തീയതിയില്‍ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം.

യാത്രക്കാര്‍ക്കിടയില്‍ സീറ്റ് ഒഴിച്ചിടില്ല. യാത്രയ്ക്കിടെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാറ്റുന്നതിനായി അവസാന 3 വരിയിലെ സീറ്റുകള്‍ ഒഴിച്ചിടും.

വിമാനത്തിനുള്ളില്‍ കാബിന്‍ ലഗേജ് അനുവദിക്കില്ല. 20 കിലോയില്‍ താഴെയുള്ള ഒരു ബാഗ്, ചെക്ക് ഇന്‍ ബാഗേജ് ആയി അനുവദിക്കും.

യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കും.

യാത്രക്കാരുടെ ബോര്‍ഡിങ് പാസ് സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും.

വിമാനത്തില്‍ ഭക്ഷണ വിതരണമില്ല; വെള്ളം മാത്രം.

അതേസമയം ആഭ്യന്തര സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതലയുള്ള എയര്‍പോര്‍ട്‌സ് അതോറിറ്റി, സുരക്ഷയൊരുക്കുന്ന സിഐഎസ്എഫ് എന്നിവയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ചര്‍ച്ച തുടരുകയാണ്. കോവിഡ് മുക്തമായ നഗരങ്ങളിലേക്ക് 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കണമെന്നു ചില കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞ് 18 മുതല്‍ സര്‍വീസ് ആരംഭിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണു മന്ത്രാലയം.

രാജ്യത്തെ വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ ആദ്യഘട്ടത്തില്‍ തുറക്കണമെന്നും മറ്റു ചെറുനഗരങ്ങളിലേക്കു മാത്രമുള്ള സര്‍വീസ് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നെന്നും കമ്പനികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25നു മുന്‍പു ടിക്കറ്റ് എടുത്തവര്‍ക്കു മുഴുവന്‍ തുകയും മടക്കിനല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ക്കു മറ്റൊരു തീയതിയില്‍ ടിക്കറ്റ് മാറ്റിയെടുക്കാമെന്നാണു കമ്പനികളുടെ നിലപാട്. മാര്‍ച്ച് 25നു ശേഷം ബുക്ക് ചെയ്തവര്‍ക്കു തുക തിരികെക്കിട്ടും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7