ഗുരുവായൂര്‍ ക്ഷേത്രം സ്ഥിര നിക്ഷേപത്തില്‍ നിന്നും അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷിന്റെ പ്രതികരണം വിവാദമായിരുന്നു. അമ്പലമായാലും ക്രിസ്ത്യന്‍ പള്ളിയായാലും മുസ്ലീം പള്ളിയായാലും ആരാധനാലയങ്ങളുടെ പണം ആവശ്യപ്പെടുന്നത് നല്ലതല്ലെന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. പള്ളികളില്‍ നിന്നും സര്‍ക്കാര്‍ പണമെടുത്തോയെന്നും ഗോകുല്‍ ചോദിച്ചിരുന്നു. താരത്തിന്റെ പ്രതികരണം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഗോകുല്‍. താന്‍ ബിജെപിയും സംഘിയുമല്ലെന്ന് ഗോകുല്‍ പറയുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
”വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ” ഗോകുല്‍ പറയുന്നു.
ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെല്ലെന്ന് എനിക്ക് തോന്നി. ഇതാണ് തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ താന്‍ കുറിച്ചതിന്റെ കാതലെന്ന് താരം പറയുന്നു.
ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് താന്‍ കുറിച്ചത്. ഇതിന്റെ പേരില്‍ തനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്നെന്നും ഗോകുല്‍ പറയുന്നു.
പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാന്‍ ബിജെപിയുമല്ല സംഘിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നായനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്.
ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.