സിക്‌സടിക്കാനറിയില്ലെന്ന് പരിഹാസം, ഇഷാന്തിന്റെ സിക്‌സര്‍; ജഡേജയോട് കലിപ്പില് തീര്‍ത്ത് ധോണി

‘വടികൊടുത്ത് അടിവാങ്ങുക’ എന്നു കേട്ടിട്ടില്ലേ? ഐപിഎല്‍ 12–ാം സീസണിലെ ക്വാളിഫയര്‍ പോരാട്ടത്തിനിടെ നടന്ന, ഈ പ്രയോഗത്തെ സാധൂകരിക്കുന്നൊരു സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ. ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചാറ്റ് ഷോയിലാണ് ധോണിയുമായി ബന്ധപ്പെട്ട് ‘അസാധാരണ’മായ ഈ സംഭവം ഇഷാന്ത് വിവരിച്ചത്. തനിക്ക് സിക്‌സടിക്കാനറിയില്ലെന്ന് മത്സരത്തിനിടെ വിക്കറ്റിനു പിന്നില്‍നിന്ന് ധോണി പരിഹസിച്ചെന്നാണ് ഇഷാന്തിന്റെ വെളിപ്പെടുത്തല്‍. ഇതിന് ഇഷാന്തിന് മറുപടി നല്‍കിയതോ? രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഫോര്‍. പിന്നാലെ അവസാന പന്തില്‍ ബോളറുടെ തലയ്ക്കു മുകളിലൂടെ ഒരു പടുകൂറ്റന്‍ സിക്‌സും.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടിയത് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇഷാന്ത് ശര്‍മയുടെ ഡല്‍ഹി ക്യാപിറ്റല്‍സുമായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്തത് ഡല്‍ഹി. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡായതോടെയാണ് ഇഷാന്ത് ക്രീസിലെത്തുന്നത്.

പതിവിലും വേഗത്തിലെത്തിയ ജഡേജയുടെ നാലാം പന്തില്‍ ഇഷാന്തിനു തൊടാനായില്ല. എന്നാല്‍, അഞ്ചാം പന്തില്‍ രംഗം മാറി. ഇഷാന്ത് വലിച്ചടിച്ച പന്ത് ലോങ് ഓണിന്റെ ഇടതുഭാഗത്തുകൂടി ബൗണ്ടറി ലൈന്‍ കടന്നു. ഫാഫ് ഡുപ്ലേസിയുടെ കഠിന ശ്രമത്തിനും പന്തു തടയാനായില്ല. ജഡേജയുടെ അടുത്ത പന്തില്‍ ഇഷാന്ത് വീണ്ടും തകര്‍ത്തടിച്ചു. പന്ത് ബോളറുടെ തലയ്ക്കു മുകളിലൂടെ ഗാലറിയില്‍ – സിക്‌സ്! ഇതോടെ ഐപിഎല്ലില്‍ തന്റെ ഉയര്‍ന്ന സ്‌കോറും ഇഷാന്ത് കുറിച്ചു; മൂന്നു പന്തില്‍ പുറത്താകാതെ 10 റണ്‍സ്.

ഇനി ഈ സംഭവത്തേക്കുറിച്ച് ഇഷാന്തിന്റെ വാക്കുകളിലൂടെ: കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ക്വാളിഫയറിനിടെ, എനിക്ക് സിക്‌സറടിക്കാനറിയില്ലെന്ന് മഹി ഭായ് (മഹേന്ദ്രസിങ് ധോണി) പരിഹസിച്ചു. ഇതിനു പിന്നാലെയാണ് ജഡ്ഡു (രവീന്ദ്ര ജഡേജ) ബോള്‍ ചെയ്യാനെത്തിയത്. ആദ്യ പന്ത് ഞാന്‍ ഫോറടിച്ചു. പിന്നാലെ സിക്‌സും. അതിനുശേഷം മഹി ഭായിയുടെ പ്രതികരണം എന്തെന്നു കാണാന്‍ ഞാന്‍ തിരിഞ്ഞുനോക്കി. ജഡേജയോട് ആകെ കലിപ്പിലായിരുന്നു അദ്ദേഹം’ – യുട്യൂബ് ചാനലിലെ ഷോയില്‍ ഇഷാന്ത് വെളിപ്പെടുത്തി.

ഇഷാന്തിന്റെ അവസാന പന്തിലെ സിക്‌സര്‍ സഹിതം ഡല്‍ഹി ക്യാപിറ്റില്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. എന്നാല്‍, ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലേസിയും ഷെയ്ന്‍ വാട്‌സനും അര്‍ധസെഞ്ചുറി നേടിയതോടെ 19 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. അതേസമയം, മത്സരത്തില്‍ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ഈ മത്സരത്തില്‍ ധോണിയെ പുറത്താക്കിയതും ഇഷാന്തായിരുന്നു. ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സെടുത്ത ധോണിയെ ഇഷാന്ത് കീമോ പോളിന്റെ കൈകളിലെത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7