ലോക്ക്ഡൗണ്‍ കൃത്യമായി പാലിക്കാന്‍ പൊലീസ് ചെയ്യുന്ന നടപടികള്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രവര്‍ത്തികള്‍ക്ക് നിറയെ കയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും പൊലീസിന്റെ ചില പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്.
അലര്‍ജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ച തന്റെ സുഹൃത്ത് ആശുപത്രിയില്‍ പോകാന്‍ കയ്യില്‍ ഡിക്ലറേഷന്‍ ഫോം ഉണ്ടായിട്ടും പൊലീസ് തടഞ്ഞ സംഭവത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് വൈറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്നലെ അര്‍ദ്ധരാത്രിയില്‍ എന്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലര്‍ജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തയ്യാറാവുകയും ചെയ്തു.
എന്ത് കാരണം കൊണ്ടാണ് ആശുപത്രിയില്‍ പോകുന്നത് എന്നുള്ള ഡിക്ലറേഷനും കൈയിലുണ്ട്. പക്ഷേ വഴിയില്‍ വച്ച്, കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയില്‍ പോലീസുകാര്‍ തടഞ്ഞു. കാര്യം പറഞ്ഞു, ഡിക്ലറേഷന്‍ കാണിച്ചു. ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നത്രേ.
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു എസ് ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാന്‍ തയ്യാറായില്ല. ദേഹത്തെ തിണര്‍ത്ത പാടുകള്‍ കാണിച്ചിട്ടും അയാള്‍ വാശിയിലായിരുന്നു. ‘നിനക്ക് ഒരു കുരുവും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
സുഹൃത്ത് വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം കാലു പിടിക്കുന്ന പോലെ പറഞ്ഞു. ‘എന്നാ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്ത്..’ എന്ന രീതിയിലായി സംസാരമൊക്കെ. തര്‍ക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് മാത്രം അദ്ദേഹം തിരിച്ചുവന്നു. വീട്ടിലുണ്ടായിരുന്ന ജലദോഷത്തിനുള്ള മരുന്ന് കഴിച്ചും കലാമിന് ലോഷന്‍ പുരട്ടിയും ഉറക്കമിളച്ചിരുന്നു.
എനിക്ക് മനസ്സിലാകാത്ത കാര്യം പോലീസുകാര്‍ എന്നുമുതലാണ് രോഗനിര്‍ണയവും ചികിത്സയും തുടങ്ങിയതെന്നാണ്? എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിന്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ അറിയാന്‍ പറ്റും. ഒരു അലര്‍ജി തന്നെ മതി ഒരാള്‍ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാന്‍. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി ശ്വാസനാളത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ശ്വാസം എടുക്കാന്‍ പറ്റാത്ത ആള് മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആള് മരിച്ചു പോകാന്‍ അധികം സമയം വേണ്ടാ.
ഇതൊക്കെ പോലീസുകാര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? ആശുപത്രിയില്‍ പോകുന്നൊരാളുടെ രോഗവിവരം ചോദിക്കേണ്ട കാര്യം പോലും പോലീസുകാര്‍ക്കില്ല. അത് തന്നെ സ്വകാര്യതയുടെ ലംഘനമാണ്.
ഒരാളുടെ രോഗം ഗുരുതരമാണോ അല്ലയോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. ആശുപത്രിയിലേക്ക് പോകുന്ന ഒരാള്‍ തലവേദന ആണെന്ന് പറയുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടോ മൈഗ്രേന് ആണോ എന്നൊക്കെ ആര്‍ക്കും അറിയാന്‍ പറ്റില്ല.
ആശുപത്രിയില്‍ പോകാന്‍ വരുന്ന രോഗിയുടെ ഡിക്ലറേഷന്‍ ഫോം കറക്റ്റ് ആണോന്ന് മാത്രം നോക്കിയാല്‍ പോരെ? അല്ലാതെ രോഗിയെ തടയുകയും രോഗത്തിന് ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുന്നത് വഴി എന്താണ് നിങ്ങള്‍ നല്കുന്ന സന്ദേശം?
ഭാഗ്യത്തിന് ആ സുഹൃത്തിന് അപകടമൊന്നും പറ്റിയില്ല. പറ്റിയിരുന്നെങ്കില്‍ പോലും ഇതൊന്നും ആരും അറിയുകയുമില്ല. കര്‍ണാടകത്തിലേക്ക് പോകാനാകാതെ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ മാത്രം വാര്‍ത്ത മാധ്യമങ്ങളില്‍ വന്നാല്‍ പോരാ. ഇവിടെയും അതുപോലെ തടയപ്പെടുന്നുണ്ട്. ചികിത്സാ നിഷേധം തന്നെയാണിത്.
നമ്മുടെ പോലീസുകാര്‍ക്ക് അമിതമായ അധികാരം കിട്ടുമ്പോള്‍ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലര്‍ക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലിചെയ്യുന്ന 90 ശതമാനം പോലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ആള്‍ക്കാരാണ്.
സര്‍ക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയില്‍ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടക യ്ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ലാന്നും അഭ്യര്‍ത്ഥനയുണ്ട്.
പോലീസുകാരോട്, നിങ്ങള്‍ കൊറോണയേക്കാള്‍ ഭീകരരാവരുത്, പ്ലീസ്..