‘പ്രതിഭകളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാന്‍’

പ്രതിഭയുള്ള യുവതാരങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാനെന്ന് അവരുടെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഓസ്‌ട്രേലിയയുടെ മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെ ‘ക്രിക്കറ്റിലെ ബ്രസീല്‍’ എന്ന് അക്രം വിശേഷിപ്പിച്ചത്. പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്‍മം നല്‍കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ മുന്‍പന്തിയിലാണെന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞപ്പോഴാണ് പാക്കിസ്ഥാനെ ബ്രസീലുമായി താരതമ്യം ചെയ്ത് അക്രം രംഗത്തെത്തിയത്.

‘പാക്കിസ്ഥാന്‍ പ്രതിഭകളുടെ ഒരു ഫാക്ടറിയാണ്. ഓസ്‌ട്രേലിയയില്‍ ഞങ്ങള്‍ സ്ഥിരമായി പറയുന്ന കാര്യമാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ പ്രതിഭാ ധാരാളിത്തം. അത് നിങ്ങള്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതു മാത്രമാണ് പ്രശ്‌നം’ – ഡീന്‍ ജോണ്‍സ് പറഞ്ഞു. ഈ പരാമര്‍ശത്തോട് പ്രതികരിക്കുമ്പോഴാണ് അക്രം പാക്കിസ്ഥാനെ ക്രിക്കറ്റിലെ ബ്രസീല്‍ എന്ന് വിശേഷിപ്പിച്ചത്.

ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ബ്രസീല്‍, പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്‍മം നല്‍കുന്ന കാര്യത്തില്‍ എക്കാലവും മുന്‍പന്തിയിലുണ്ട്. അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീല്‍, ഏറ്റവും കൂടുതല്‍ ലോക കിരീടം ചൂടിയ ടീമുമാണ്. ക്രിക്കറ്റില്‍ പാക്കിസ്ഥാനാകാട്ടെ, ഒരു തവണ ലോകകപ്പ് നേടിയിട്ടുണ്ട്. പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്മം നല്‍കുമ്പോഴും കളത്തില്‍ അസ്ഥിരതയ്ക്കും അപ്രവചനീയതയ്ക്കും കുപ്രസിദ്ധമായ ടീമു കൂടിയാണ് അവര്‍.

രാജ്യാന്തര ക്രിക്കറ്റിലേക്ക് വ്യത്യസ്തമായൊരു മനോഭാവവും സാങ്കേതികതയും കൊണ്ടുവന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു. ‘രാജ്യാന്തര ക്രിക്കറ്റിലേക്ക് പാക്കിസ്ഥാന്‍ കൊണ്ടുവരുന്ന വ്യത്യസ്തമായ സാങ്കേതികത ശ്രദ്ധേയമാണ്. താങ്കളും (വസിം അക്രം) വഖാര്‍ യൂനിസ്, ഷോയ്ബ് അക്തര്‍, അബ്ദുല്‍ ഖാദിര്‍, മുഷ്താഫ് അഹമ്മദ് തുടങ്ങിയവരും പേസ് ബോളിങ്ങില്‍ മനോഭാവത്തില്‍ വരുത്തിയ മാറ്റങ്ങളും ശ്രദ്ധേയം. ഇപ്പോഴും ഒട്ടേറെ മികച്ച താരങ്ങളാണ് പാക്കിസ്ഥാനില്‍നിന്ന് ഉണ്ടാകുന്നത്’ – ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ പരിശീലകനായിരുന്ന ജോണ്‍സ്, 1992ലെ ലോകകപ്പ് വിജയം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചും സംസാരിച്ചു.

‘പാക്കിസ്ഥാന്റെ ഡിഎന്‍എയിലുള്ളതാണ് ക്രിക്കറ്റ്. 1980കളുടെ അവസാനത്തില്‍ ഇമ്രാന്‍ ടീമിന്റെ ചുമതലയേറ്റതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റം വന്നത്. 1992ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആയിരക്കണക്കിന് കാണികള്‍ക്കു മുന്നില്‍ നിങ്ങള്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത് അതിശയകരമായിരുന്നു’ – ഡീന്‍ ജോണ്‍സ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7