വാതുവച്ച് ഒത്തുകളിക്കുന്നത് കൊലപാതകത്തിനു തുല്യം; ഇവരെ തൂക്കികൊല്ലണമെന്ന് താരം

ഇസ്‌ലാമാബാദ്: വാതുവച്ച് ഒത്തുകളിക്കുന്നത് കൊലപാതകത്തിനു തുല്യമാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ഒത്തുകളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കുകവഴി ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആരും ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് മിയാന്‍ദാദിന്റെ അഭിപ്രായപ്രകടനം.

ഒത്തുകളിക്കുന്നത് ഒരാളെ കൊല്ലുന്നതിനു തുല്യം തന്നെയാണ്. അതിനാല്‍ ശിക്ഷയും അത്രതന്നെ കഠിനമായിരിക്കണം. ഒത്തുകളിക്കുന്നവരെ തൂക്കിലേറ്റിയാലും തെറ്റില്ല. ഭാവിയില്‍ ആര്‍ക്കും ഒത്തുകളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള പാഠമാകണം ശിക്ഷ’ – മിയാന്‍ദാദ് പറഞ്ഞു.

‘ഇത്തരം പ്രവര്‍ത്തികളെല്ലാം മതശാസനങ്ങള്‍ക്കും എതിരാണ്. അതുകൊണ്ടുതന്നെ തെറ്റു ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണം. ഒത്തുകളിക്കുന്നവര്‍ക്ക് മാപ്പു നല്‍കുന്നതിലൂടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സന്ദേശമെന്താണ്? ഈ നടപടി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഒത്തുകളിച്ച താരങ്ങളെ വീണ്ടും ടീമിലെടുക്കുന്നവര്‍ അതില്‍ ലജ്ജിക്കണം’ – മിയാന്‍ദാദ് പറഞ്ഞു.

‘ഒത്തുകളിക്കുന്ന താരങ്ങള്‍ അവരോടോ മാതാപിതാക്കളോടോ കുടുംബാംഗങ്ങളോടോ നീതി പുലര്‍ത്തുന്നില്ല. അങ്ങനെയെങ്കില്‍ അവരിതൊന്നും ചെയ്യുമായിരുന്നില്ല. ആത്മീയമായും അവര്‍ക്ക് പൂര്‍ണ ശുദ്ധിയില്ല. മാനുഷികമായ രീതിയില്‍ ചിന്തിച്ചാല്‍പ്പോലും അവരുടെ പ്രവര്‍ത്തി ശരിയല്ല. അവര്‍ ജീവിക്കാന്‍ യോഗ്യരുമല്ല’– മിയാന്‍ദാദ് പറഞ്ഞു.

ഒത്തുകളിച്ച ശേഷം സ്വാധീനം ഉപയോഗിച്ച് ടീമിലേക്കു തിരിച്ചെത്താന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ അനായാസം സാധിക്കുന്നുണ്ടെന്ന് മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. താരങ്ങള്‍ കളിയില്‍ പൂര്‍ണശ്രദ്ധ ചെലുത്തി നേരായ വഴിയിലൂടെ വേണം പണം സമ്പാദിക്കാനെന്നും മിയാന്‍ദാദ് ഉപദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7