ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും.
ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.
‘ലോക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം!. തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.
‘ഇവന്റ് മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.’ ഗുഹ ട്വീറ്ററില്‍ കുറിച്ചു.