കൊച്ചി : കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മാത്രം കഴിയുന്നത് 11 പേര്. ഇവരില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ ഇല്ല. ആറ് ബ്രിട്ടിഷ് പൗരന്മാരും, നാല് കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍ എല്ലാവരും വിദേശത്തു നിന്ന് എത്തിയവരാണ്.
എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാംപിളുകളില്‍ 14 എണ്ണമാണ് പോസിറ്റീവായത്. ഇതില്‍ മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടിഷ് സംഘത്തിലെ 6 പേര്, ഇറ്റലിയില്‍ നിന്നു തിരിച്ചെത്തിയ മൂന്നംഗ സംഘമുള്‍പ്പെടെ 6 കണ്ണൂര്‍ സ്വദേശികള്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര് എന്നിവര്‍ ഉള്‍പ്പെടുന്നു.
ഇവരെയെല്ലാം വിമാനത്താവള നിരീക്ഷണം വഴി കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലെത്തിച്ച് സാംപിള്‍ ശേഖരിച്ചവരാണ്. ഇവരില്‍ കാസര്‍കോട് സ്വദേശിയെയും രണ്ടു കണ്ണൂര്‍ സ്വദേശികളെയും സാംപിള്‍ എടുത്ത ശേഷം ആംബുലന്‍സില്‍ സ്വന്തം ജില്ലകളിലെ വീടുകളില്‍ തുടര്‍ നിരീക്ഷണത്തിനായി അയച്ചിരുന്നു.
ജനത കര്‍ഫ്യൂവിനിടയിലും ജില്ല കൊറോണ കണ്ട്രോള് റൂമില്‍ ആവശ്യത്തിനു ജീവനക്കാരെത്തി. ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളിലും, സ്വകാര്യ വാഹനങ്ങളിലുമാണു ജീവനക്കാരെത്തിയത്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെ ഹെല്പ് ഡെസ്ക്കുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ജീവനക്കാരുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.