കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യുഎസ് സേനയാണെന്ന ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ വർഷം നടന്ന ‘ലോക സൈനിക കായികമേളയില്‍’ പങ്കെടുത്ത അമേരിക്കന്‍ സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നതെന്നാണ് ആരോപണം. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആണ് പുതിയ ഗൂഢാലോചന സിദ്ധാന്തം ട്വീറ്റ് ചെയ്തത്.
സിഡിസിഎസ് ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്‍ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്‍ട് റെഡ് ഫീല്‍ഡ് പറഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തത്. ‘യുഎസിലെ ആദ്യ രോഗി ആരാണ്?, എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?, ചികില്സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?, ഇക്കാര്യങ്ങളില്‍ സുതാര്യതവേണം; വിശദീകരണവും’– ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു. ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തുടക്കമാവുകയാണ്.