വൈറലായി കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ചിത്രം

ചൈനയിലെ വുഹാനിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താൽക്കാലിക ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ താൽക്കാലിക ആശുപത്രികളെല്ലാം പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോൾ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നിൽ കിടക്കുന്ന ചിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‍ലി പുറത്തുവിട്ടു. രാജ്യാന്തര തലത്തിൽ തന്നെ ഈ ചിത്രം അതിജീവനത്തിന്റെ പ്രതീകമായി വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നു. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടർന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതായും പ്രാദേശിക ഭരണ നേതൃത്വം വ്യക്തമാക്കി.

യാത്രാ നിയന്ത്രണങ്ങൾ ഉടൻ ലഘൂകരിക്കും. ഹ്യൂബെയിലെ രണ്ട് നഗരങ്ങളിലെയും കൗണ്ടികളിലെയും ചില വ്യവസായ സ്ഥാപനങ്ങളിൽ നിര്‍മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വ്യവസായ കേന്ദ്രങ്ങളെയും നിർമാണ യൂണിറ്റുകളെയും അടിസ്ഥാനമാക്കിയാണ് ഹ്യൂബെയുടെ സമ്പദ്‍വ്യവസ്ഥ പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ഇത് തകർന്നിരുന്നു. ലോകത്താകെ വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയപ്പോഴും വുഹാനിൽ കഴിഞ്ഞ ഏഴു ദിവസമായി കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിവരികയായിരുന്നു. 11 ദശലക്ഷം പേർ ജീവിക്കുന്ന വുഹാനിൽ യാത്രാ നിയന്ത്രണങ്ങളുൾപ്പെടെ ഏർപെടുത്തിയതിന്റെ ഫലമാണ് ഇതെന്നാണ് അധികൃതരുടെ അവകാശ വാദം.

ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് പുതുതായി ഏഴ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ആറു പേർ വിദേശത്തുനിന്നും ചൈനയിൽ എത്തിയവരാണ്. ഗ്യാങ്ഡോങ് പ്രവിശ്യയിൽ മൂന്ന്, ഗാങ്സൂവിൽ രണ്ട്, ഹെനാനിൽ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധ. ബുധനാഴ്ചത്തെ കണക്കു പ്രകാരം ചൈനയിലാകെ 15 കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം 24 കേസുകൾ എന്ന നിലയിൽ നിന്നാണ് വൈറസ് ബാധ 15 ലേക്കു ചുരുങ്ങിയത്.

ചൈനയിൽ ഇതുവരെയായി 80,769 പേർക്കാണു കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച 62,793 പേർ രോഗം മാറി ആശുപത്രിയിൽനിന്നു വീടുകളിലേക്കു മടങ്ങി. രോഗം ബാധിച്ചവരുടെ 80 ശതമാനത്തോളം വരും ഇത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ നോക്കിയാൽ ചൈനയിൽ മരിച്ചത് 3,169 പേരാണ്. വുഹാനിൽ ഏഴു പേരുൾപ്പെടെ ഹ്യൂബെ പ്രവിശ്യയിൽ പുതിയതായി പത്തു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വീണ്ടും വൈറസ് പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതിനാൽ സാഹചര്യങ്ങൾ ഇപ്പോഴും സങ്കീർണമാണെന്ന് പീപ്പിൾ ‍ഡെയ്‍ലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജാഗ്രത തുടരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7