ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ മകളുടെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. മകളുടെ സുഹൃത്തായ വിക്രാന്ത് നാഗറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയ്പൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഫഌറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിക്രാന്തും മറ്റൊരാളും ഫഌറ്റിലേക്ക് വരുന്നത് കണ്ടെത്തിയത്. ഇതാണ് അന്വേഷണത്തിന് സഹായകമായത്. കൊലപാതകത്തിന് ശേഷം വിക്രാന്തും സുഹൃത്തും സ്മൃതയുടെ കാറിലാണ് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശികളായ സുമിത വാട്‌സ്യാ (45), മകളായ സ്മൃത വാട്‌സ്യ (25) എന്നിവരെയാണ് ഡല്‍ഹിയിലെ ഇവരുടെ ഫഌറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അശോക് നഗറിലെ വസുന്ധരാ എന്‍ക്‌ളേവിലെ ഫഌറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. കൊച്ചിയിലെ പരേതനായ സ്റ്റീഫന്‍ പിന്‍ഹെറോയുടെയും മോണിക്കയുടെയും മകളാണ് മരിച്ച സുമിത. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച സുമിതയും മകളും നാടുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇന്നലെ രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഡല്‍ഹിക്കടുത്ത് നോയിഡയില്‍ ഒരു സന്നദ്ധ സംഘടനയിലാണ് സുമിത പ്രവര്‍ത്തിക്കുന്നത്. മകള്‍ സ്മൃത ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി പരിശീലനം നടത്തിവരികയായിരുന്നു. സ്മൃതയും വിക്രാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. സ്മൃത മറ്റൊരാളുമായി അടുപ്പത്തിലാവുകയും വിക്രാന്തുമായി അകലുകയും ചെയ്തു. തന്നെ അവഗണിച്ചതിലുള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.