തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ല. പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും സംസ്ഥാനത്തെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. പൗരത്വനിയമ ഭേദഗതിയില്‍ ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും നരേന്ദ്രമോദിയെ പേടിയാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. പ്രമേയം കൊണ്ടുവരാനുള്ള നീക്കം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമമാണെന്നാണ് ഇടതുമുന്നണിയുടെ കുറ്റപ്പെടുത്തല്‍. പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് യു.ഡി.എഫ്. ശ്രമം. സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉണ്ടാക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുകയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏറ്റവും കൂടുതല്‍ തവണ ഗവര്‍ണറെ കണ്ട രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തലയെന്നും ഇടതുമുന്നണി ആരോപിക്കുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിലെന്നു വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ഇടതുമുന്നണി ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.