ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണു വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണു പുനഃപരിശോധനാ ഹര്‍ജികള്‍. രാവിലെ 10.30ന് ആണു വിധിപ്രസ്താവം തുടങ്ങുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവശം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ക്കാണു കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്.
2016ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ കേസ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു അധികാരത്തില്‍. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കി കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോള്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുന്‍പാകെ എത്തിയത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് 17ന് ആണു വിരമിക്കുന്നത്.