തന്നെ വെട്ടിയത് മുരളീധരന്‍ അല്ല; വെളിപ്പെടുത്തലുമായി കുമ്മനം

ഈമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി.മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.നമുരളീധരന്റെ ഇടപെടലാണെന്നുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റും, സ്ഥാനവും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. അവരൊക്കെ നിരാശരാകും. വി. മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നയാളല്ല. പാര്‍ട്ടി തീരുമാനമെന്നത് ഞങ്ങളുടെ ജീവനാണ്. നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് തന്നെ പോലുള്ളവര്‍. സീറ്റിലെങ്കിലും സ്ഥാനമില്ലെങ്കിലും എന്നും പാര്‍ട്ടിയോടൊപ്പമുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും കുമ്മനം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7