ബിജെപി, കോണ്‍ഗ്രസ് ഉന്നത നേതാക്കളെ കുടുക്കാന്‍ ഉപയോഗിച്ചത് കോളെജ് പെണ്‍കുട്ടികളെ

രാഷ്ട്രീയ നേതാക്കളെ വശീകരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിയില്‍ പിടിയിലായ സംഘത്തിനു നേതൃത്വം നല്‍കിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതര്‍ക്കുമുമ്പിലെത്തിച്ചത്.

12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍മന്ത്രിമാരും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവര്‍ വിവാദത്തിലകപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കെണിയില്‍പ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു. പ്രതികളില്‍നിന്നു പിടിച്ചെടുത്ത തെളിവുകളില്‍നിന്നാണ് ഉന്നതര്‍ ഉള്‍പ്പെട്ട വിവരം പുറത്തായത്. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ കരാറുകള്‍ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത് ചെയ്തതെന്നും ശ്വേത പോലീസിനോടു പറഞ്ഞു.

അറസ്റ്റിലായ കോളേജ് വിദ്യാര്‍ഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജില്‍ ചേരുന്നതിനായാണ് താന്‍ ശ്വേതയെ കണ്ടതെന്നും സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും മോണിക്ക സംഘത്തോടു പറഞ്ഞു.

തുടക്കത്തില്‍, ശ്വേതയുടെ വാഗ്ദാനങ്ങള്‍ തള്ളി മോണിക്ക നാട്ടിലേക്കു തിരിച്ചുപോയി. എന്നാല്‍, തട്ടിപ്പുസംഘത്തിലെ ആരതി ദയാല്‍ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എന്‍.ജി.ഒ. ഏറ്റെടുക്കാമെന്ന് വാഗ്ദാനംചെയ്തു. സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാല്‍ അച്ഛന്‍ പതിനെട്ടുകാരിയായ മോണിക്കയെ ആരതിക്കൊപ്പമയക്കുകയായിരുന്നു.

പിന്നീട് സര്‍ക്കാര്‍ എന്‍ജിനിയറായ ഹര്‍ഭജന്‍ സിങ്ങിന് വഴങ്ങാന്‍ ആരതി മോണിക്കയെ നിര്‍ബന്ധിച്ചു. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരതി ഹര്‍ഭജനില്‍നിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ഭജന്‍ സംഘത്തിനെതിരേ പോലീസില്‍ പരാതിനല്‍കിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച് വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാര്‍ഥികള്‍ക്കുപുറമേ മുപ്പതിലധികം യുവതികളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

പെണ്‍കെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ന്‍ ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളില്‍നിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബി.ജെ.പി. വക്താവ് ദീപക് വിജയ്വര്‍ഗിയ പറഞ്ഞു.

2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുവേണ്ടി ഇവര്‍ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7