ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഗവര്‍ണറാകുന്നതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് ആരിഫ് ഖാന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സിയാന മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് 1980ല്‍ കാണ്‍പുറില്‍നിന്നും 84ല്‍ ബഹ്‌റൈച്ചില്‍നിന്നും ഖാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭാംഗമായി. എന്നാല്‍ രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 1986ല്‍ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് പുറത്തുവന്നു. മുസ്ലിം വ്യക്തി നിയമ ബില്ലുമായി ബന്ധപ്പെട്ടാണ് രാജീവ് ഗാന്ധിയുമായി ആരിഫ് ഖാന്‍ ഇടഞ്ഞത്. പിന്നീട് ജനതാദളില്‍ ചേര്‍ന്നു.
ജനാതാദള്‍ പ്രതിനിധിയായി 1989ല്‍ വീണ്ടും ലോക്‌സഭയിലെത്തി. ജനതാദള്‍ സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന-ഊര്‍ജവകുപ്പുകള്‍ കൈകാര്യം ചെയ്തു. ജനതാദള്‍ വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് ബി എസ് പിയില്‍ ചേരുകയും 1998ല്‍ ബഹ്‌റൈച്ചില്‍നിന്ന് വീണ്ടും ലോക്‌സഭയിലെത്തുകയും ചെയ്തു. 2004ല്‍ ബി ജെ പിയില്‍ ചേര്‍ന്ന ഖാന്‍ ബി ജെ പി സ്ഥാനാര്‍ഥിയായി കൈസര്‍ഗഞ്ചില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2007ല്‍ ബി ജെ പി വിട്ടെങ്കിലും മുത്തലാക്ക് വിഷയത്തോടെ മോദി സര്‍ക്കാരുമായി അടുത്തു.
നിലവില്‍ ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ് കോഷ്യാരിയെയും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയെയും നിയമിച്ചു. തമിഴ്നാട് ബി ജെ പി അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ തെലങ്കാന ഗവര്‍ണറാകും.