അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ടീമില്‍ തുടരുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് ഇടം നല്‍കാതെ മുന്‍ ക്യാപ്റ്റന്‍ രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാര്‍ത്ത പ്രകാരം കോലി പറഞ്ഞതിങ്ങനെ… ”ധോണിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവതാരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാം.”
ധോണി ടീമില്‍ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെയും ആവശ്യം. ധോണിയുടെ നിര്‍ദേശങ്ങള്‍ ടീമിന് ഗുണം ചെയ്യുമെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ടീമിന്റെ കൂടെ തന്നെ വേണമെന്നും ടീം മാനേജ്മെന്റ് പറയുന്നു.