റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകകപ്പ് ക്രിക്കറ്റില്‍ നാളെ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇറങ്ങുമ്പോള്‍ കൈയകലത്തിലുള്ളത് രണ്ട് മഹാരഥന്‍മാരുടെ റെക്കോര്‍ഡ്. വിന്‍ഡീസിനെതെരി 37 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.
നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും 416 ഇന്നിംഗ്‌സുകളില്‍ നിന്ന് 19,963 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 453 ഇന്നിംഗ്‌സുകളില്‍ നിന്ന് 20000 രാജ്യാന്തര റണ്‍സെന്ന നേട്ടം പിന്നിട്ട സച്ചിനും ലാറയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 468 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്. 37 റണ്‍സ് നേടിയാല്‍ 20000 റണ്‍സ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്‌സ്മാനുമാവും കോലി. സച്ചിനും(34,357 റണ്‍സ്)ദ്രാവിഡിനും(24,208) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനും.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 18 റണ്‍സെടുത്ത് പുറത്തായ കോലി ഓസ്‌ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം അഫ്ഗാനെതിരെ 67ഉം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. ലോകകപ്പിനിടെ ഏകദിനത്തില്‍ കോലി 11,000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ കോലി മറികടന്നതും സച്ചിനെയാണ്. 11000 റണ്‍സെടുക്കാന്‍ സച്ചിന് 276 ഇന്നിംഗ്‌സ് വേണ്ടിവന്നപ്പോള്‍ 222-ാം ഇന്നിംഗ്‌സില്‍ കോലി ഈ നേട്ടം സ്വന്തമാക്കി.