തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്നങ്ങളെ സംബന്ധിച്ച് കെ.സി. ജോസഫ് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഈ സാഹചര്യത്തില്‍ ജയിലുകളിലെ പരിശോധന കര്‍ശനമാക്കും. ജയില്‍ കവാടത്തിലെ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്കോര്‍പിയന്‍സിനെ നിയോഗിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍,വിയ്യൂര്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഡി.ജി.പി. ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണ് ജയിലുകളില്‍ പരിശോധന നടത്തിയിരുന്നത്.