കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോള്‍ നേടി. എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അന്‍പതാം മിനിറ്റില്‍ ഫിലിപ്പ് കുടീന്യോയാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. ബൊളീവിയന്‍ താരം ജസ്റ്റീനിയോയുടെ കയ്യില്‍ പന്ത് തട്ടിയതോടെ അനുവദിച്ച പെനാല്‍റ്റി കുടീന്യോ ഗോളാക്കി മാറ്റി. ബ്രസീല്‍ താരം റിച്ചാര്‍ലിസന്റെ ഷോട്ട് പെനല്‍റ്റി ബോക്സിനുള്ളില്‍ തടുക്കാനുള്ള ജസ്റ്റീനിയോയുടെ ശ്രമമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ‘വാര്’ പരിശോധനയില്‍ പന്ത് കൈയില്‍ കൊണ്ടതായി വ്യക്തമായതിനെ തുടര്‍ന്ന് റെഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. ബൊളീവിയന്‍ ഗോള്‍കീപ്പര്‍ കാര്‍ലോസ് ലാംപെയ്ക്ക് അവസരം നല്‍കാതെ കുടീന്യോ പന്ത് വലയില്‍ എത്തിച്ചു.
രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഒരിക്കല്‍ വീണ്ടും വല ചലിപ്പിച്ച് കുടിന്യോ ഡബിള്‍ തികച്ചു. ഫെര്‍മീനോയുടെ ക്രോസിന് കൃത്യമായി കുടീന്യോ തലവെച്ച തോടെ രണ്ടാം ഗോള്‍ പിറന്നു. റിച്ചാര്‍ലിസണില്‍ നിന്ന് പന്ത് സ്വീകരിച്ച് വലത് വിങ്ങിലൂടെ മൂന്നോട്ട് കയറിയ ഫിര്‍മീനോ ബോക്സിലേക്ക് തൊടുത്ത ക്രോസ്, കുതിച്ചെത്തിയ കുടീഞ്ഞോ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി.
85-ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ബോക്സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്ന് പോസ്റ്റിനു സമാന്തരമായി ബൊളീവിയന്‍ പ്രതിരോധത്തെ ഭേദിച്ച് എത്തിയ എവര്ട്ടന് സുന്ദരമായ ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടുകയായിരുന്നു. ഗോളിയെ കാഴ്ചക്കാരനായി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ച് ആദ്യ അന്താരാഷ്ട്ര ഗോള്‍ എവര്ട്ടന് തന്റെ പേരില്‍ കുറിച്ചു.
സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തിയതോടെ ബൊളീവിയക്ക് പിടിച്ചു നില്ക്കാനായില്ല. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞു കളിച്ച ബ്രസീലിനെ ആദ്യ പകുതിയില്‍ ബ്രസീലിനെ പിടിച്ചു നിര്‍ത്തുന്നതില്‍ ബോളിവിയ വിജയിച്ചു.