തിരുവനന്തപുരം: വടകരയില്‍ മല്‍സരിച്ച സിപിഎം വിമതന് സി.ഒ.ടി. നസീറിനെതിരെയുണ്ടായ വധശ്രമം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കരുതെന്നു പിണറായി നിയമസഭയില്‍ പ്രതിപക്ഷത്തോടു പറഞ്ഞു. കേസിലെ ഗൂഢാലോചനയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി പ്രതിരോധിച്ചു. നസീറിന്റെ മൊഴിയില്‍ ഷംസീറിന്റെ പേരില്ല. വടകരയില്‍ അടുത്തിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല് തല്ലിയൊടിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയ വിവരം സി.ഒ.ടി. നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നിട്ടും അന്വേഷണത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇതിനെ ഭരണപക്ഷം പ്രതിരോധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, എ.എന്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന് സി.ഒ.ടി.നസീര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം. കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തനല്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ പറഞ്ഞു. ഏപ്രില്‍ 28ന് ഷംസീര്‍ ഓഫിസില്‍ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കും, കാണിച്ചു തരാം എന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറയുന്നു.
തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അത് എംഎല്‍എയ്ക്ക് എതിരാണെന്നു തോന്നിയതാവാം കാരണം. തിരഞ്ഞെടുപ്പു കഴിഞ്ഞ സമയത്ത് ആക്രമണം നടത്തിയത് അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നു വരുത്തിത്തീര്‍ത്ത് കുറ്റം മറ്റാരുടെയെങ്കിലും ചുമലിലാവുമെന്നു കരുതിയാകാം. വടകരയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി പി.ജയരാജന് സംഭവത്തില്‍ പങ്കില്ലെന്നു നസീര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.