ന്യൂഡല്‍ഹി: നമുക്ക് ഇപ്പോഴും 52 എം.പിമാരുണ്ടെന്നും ഓരോ ദിവസവും നാം പാര്‍ലമെന്റില്‍ ബി.ജെ.പിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി സ്വയം ഉയിര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗം പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ നിലപാട് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍നിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്.