തിരുവനന്തപുരം: ശബരിമലയും നവോത്ഥാനവും തിരഞ്ഞെടുപ്പ് വിഷയമാക്കാത്തത് ദോഷം ചെയ്തതായി സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ് കാലത്തെ മൗനം ദോഷമായി. വിഷയത്തില്‍ നിന്ന് ഒളിച്ചോടി എന്ന വിമര്‍ശനവും ഉണ്ടായെന്നും സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
സെപ്തംബര്‍ 28 ന് ശബരിമല യുവതീപ്രവേശന വിധി വന്നപ്പോള്‍ ആ വിധിയെ അനുകൂലിച്ച സി.പി.എം അതിനെ ലിംഗ സമത്വത്തിന്റെ പ്രശ്‌നമായി കൂടി കണ്ടാണ് നിലപാട് എടുത്തത്. സി.പി.എമ്മിന് നേരത്തെ തന്നെ ഇതേ നിലപാട് ഉണ്ടായിരുന്നു. എന്നാല്‍ വിധി വന്നപ്പോള്‍ ആ നിലപാട് കൂടുതല്‍ കര്‍ശനമാക്കുകയും ശബരിമലയുമായി ബന്ധപ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണം എന്ന വലിയ ക്യാംപെയിനും നടത്തി. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍ പാര്‍ട്ടിയും മുന്നണിയും വിസമ്മതിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചാവിഷയമായി.
യു.ഡി.എഫും ബി.ജെ.പിയും ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ എല്‍.ഡിഎഫ് അതിനെപ്പറ്റി മിണ്ടാതിരുന്നു. അപ്പോള്‍ വിഷയത്തില്‍ നിന്ന് ഒളിച്ചോടി എന്ന എതിരാളികളുടെ വിമര്‍ശനമാണ് മുന്നണിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനുമൊക്കെ ഏല്‍ക്കേണ്ടി വന്നത്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ദോഷം ചെയ്തുവെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയത്.
മാത്രമല്ല. തിരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയത്തെ സമീപിക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫും ബി.ജെ.പിയും ഉണ്ടാക്കിയ തെറ്റിദ്ധാരണ അതേപോലെ നിലനിന്നുവെന്നും സി.പി.എം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ഉയര്‍ന്നു.