യുഎസിനെതിരേ യുദ്ധം ചെയ്താല്‍ ഇറാന്‍ പിന്നെ ചരിത്രം മാത്രമാകുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഒരു യുദ്ധത്തിന് ഒരുങ്ങുകയോ യുദ്ധത്തിനായി ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. രാജ്യം യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നുള്ളത് തികച്ചും മിഥ്യാധാരണയാണെന്നും സരീഫ് പറഞ്ഞു. ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയ സരീഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് പടക്കപ്പലുകളുകളയച്ചും യുഎസ് നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സരീഫ് പ്രതികരിച്ചത്. പേര്‍ഷ്യന്‍ ഉല്‍ക്കടലില്‍ നങ്കൂരമിട്ട യുഎസ് പടക്കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ചെറിയൊരു മിസൈല്‍ മതിയെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് സലേ ജൊകാര്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു.

2015 ല്‍ ആറ് ലോക വന്‍ശക്തികള്‍ ഇറാനുമായി ഒപ്പു വെച്ച അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി യുഎസ് പിന്‍മാറിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് ഇറാനെതിരെ യുഎസ് കടുത്ത ഉപരോധങ്ങളേര്‍പ്പെടുത്തുകയും ചെയ്തു. ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറുകയും ആണവപദ്ധതി പുരരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7