ന്യൂഡല്‍ഹി: 17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ ജനവിധിയെഴുതുന്നത്.
ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13 വീതവും പശ്ചിമബംഗാളിലെ ഒമ്പതും ബിഹാറിലെ എട്ടും ജാര്‍ഖണ്ഡിലെ മൂന്നും ഹിമാചല്‍പ്രദേശിലെ നാലും വീതം മണ്ഡലങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ പുനര്വോട്ടെടുപ്പുമുണ്ട്. ഞായറാഴ്ച വൈകീട്ടുതന്നെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മേയ് 23 വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
പത്തുകോടിയിലേറെ വോട്ടര്‍മാര്‍ 912 സ്ഥാനാര്‍ഥികളുടെ ഭാവിനിര്ണയിക്കുന്നതാണ് അന്തിമഘട്ടം. ഒരു ലക്ഷത്തിലേറെയാണ് പോളിങ് ബൂത്തുകള്‍. വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 2014-ല്‍ നാല്‍പ്പതിലും എന്‍.ഡി.എ.യാണ് ജയിച്ചത്. ബി.ജെ.പി. 32 സീറ്റുനേടിയപ്പോള്‍ സഖ്യകക്ഷികള്‍ എട്ടെണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് മൂന്നിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ഒമ്പതിലും എ.എ.പി. നാലും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രണ്ടും ജെ.ഡി.യു. ഒന്നും സീറ്റുകള്‍ നേടി.
വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവസാനഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ പ്രമുഖന്. ബിഹാറിലെ പട്നസാഹിബില് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ച്ചേര്‍ന്ന സിറ്റിങ് എം.പി. ശത്രുഘന്‍ സിന്‍ഹയും ഏറ്റുമുട്ടുന്നു. കേന്ദ്രമന്ത്രി രാംകൃപാല്‍യാദവ്, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ആര്.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി, ജെ.ഡി.യു. നേതാവ് കൗശലേന്ദ്ര കുമാര്‍ എന്നിവരാണ് ബിഹാറില്‍ മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍.
ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്, കേന്ദ്രമന്ത്രി നിഷികാന്ത് ദുബെ, പഞ്ചാബില്‍ ബോളിവുഡ് നടന് സണ്ണി ഡിയോള്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍, ബംഗാളില്‍ മമതയുടെ മരുമകന് അഭിഷേക് ബാനര്‍ജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരപൗത്രന്‍ ചന്ദ്രകുമാര്‍ ബോസ് എന്നിവരും ജനവിധിതേടുന്നു.
ചണ്ഡീഗഢില്‍ ചലച്ചിത്രനടിയും ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യുമായ കിരണ്‍ ഖേറും കോണ്‍ഗ്രസ് നേതാവ് പവന്‍കുമാര്‍ ബന്‍സാലും തമ്മിലാണ് മത്സരം.