കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗ്ഗീയ പ്രസംഗം നടത്തി വോട്ട് പിടിക്കാന്‍ യോഗി ആദിത്യനാഥിന്റെ ശ്രമം. ദുര്‍ഗ്ഗാപൂജയുടെ സമയം മാറ്റില്ലെന്നും വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടേയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം. മുഹറവും ദുര്‍ഗ്ഗാപൂജയും ഒരേ ദിവസമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരമാര്‍ശം.
‘രാജ്യം മുഴുവനും ദുര്‍ഗ്ഗാപൂജയും മുഹറവും ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. യുപിയില്‍ ഓഫീസര്‍മാര്‍ എന്നോട് ചോദിച്ചു ദുര്‍ഗ്ഗാ പൂജയുടെ സമയക്രമം മാറ്റാനാവുമോ എന്ന്. പൂജയുടെ സമയക്രമം മാറ്റാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മുഹറത്തിന്റെ ഘോഷയാത്ര സമയം മാറ്റിക്കോളൂ, എന്നാണ് ഞാന്‍ യുപി ഓഫീസര്‍മാരോട് പറഞ്ഞത്’, യോഗി ആദിത്യനാഥ് പശ്ചിമബംഗാളിലെ ബറാസത്തില്‍ പ്രസംഗത്തിനിടെ പറഞ്ഞു.
‘മമതയ്ക്ക് ബിജെപിയെ പേടിയാണ്. അതിനാലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നതും റാലികള്‍ പിന്‍വലിക്കുന്നതും’, യോഗി തുടര്‍ന്നു. യോഗി ആദിത്യനാഥിന്റെ മൂന്ന് റാലികളില്‍ ഒന്ന് ആള്‍ക്കൂട്ടം സ്റ്റേജ് തകര്‍ത്തതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
സംഭവത്തെ അപലപിച്ച് കൊണ്ട് ബംഗാളില്‍ ഭരണഘടനാസംവിധാനങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്ന് യോഗി കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ മമതയുമായി താരതമ്യം ചെയ്തും യോഗി സംസാരിച്ചു. ഐഎസ് നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മമത ബാഗ്ദീദിയാവാന് ആഗ്രഹിക്കുകയാണ് എന്നായിരുന്നു യോഗിയുടെ പരിഹാസം.