തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മന്ത്രിക്ക് കത്ത് നല്കി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എല്‍ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
ചീഫ് സെക്രട്ടറി വഴിയാണ് മന്ത്രിക്ക് കത്ത് നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ പി ജയരാജന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു കടകംപള്ളിയുടെ വിവാദ പ്രസ്താവന. ആ പ്രസ്താവനയ്ക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.