വരും ദിവസങ്ങളില്‍ കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ സിപിഎമ്മില്‍ എത്തും; യുഡിഎഫ് വിട്ടുവന്നവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി എല്‍ഡിഎഫ്

കൊല്ലം: യുഡിഎഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി. ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍, ആര്‍.എസ്.പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കരിക്കോട് കോടന്‍വിള ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് യു ഡി എഫ് വിട്ടുവന്നവര്‍ക്ക് സ്വീകരണം നല്‍കിയത്.

കഴിഞ്ഞ 40 വര്‍ഷമായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന താനടക്കമുള്ള പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാതെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുമായി രഹസ്യബന്ധം പുലര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്റെ ദുരാഗ്രഹത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചതെന്ന് കൊല്ലം സിറാജുദീന്‍ പറഞ്ഞു.

ഇടതുപക്ഷമൂല്യങ്ങള്‍ നശിപ്പിച്ച് വര്‍ഗീയ കക്ഷികളുടെ രഹസ്യ പിന്തുണ തേടുന്ന യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കുടപിടിക്കുന്നവരാണ് പ്രദേശത്തെ ആര്‍ എസ് പി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ള നേതാക്കളെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതെന്നും ആര്‍എസ്പി ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് കുമാര്‍ വ്യക്തമാക്കി.

യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ അടക്കമുള്ള സാധാരണ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കിന് കാരണമെന്നും അതിന്റെ തുടര്‍ച്ചയാണ് കൊല്ലം സിറാജുദീന്റെയും മനോജ്കുമാര്‍ അടക്കമുള്ളവരുടെയും എല്‍ഡിഎഫ് പ്രവേശമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ എല്‍ ഡിഎഫിലേക്ക് എത്തുമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7