ലണ്ടന്‍/ ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളി. ഇതോടെ അറസ്റ്റിലായ നീരവിന് കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ ജയിലില്‍ കഴിയേണ്ടിവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 11 ദിവസം നീരവ് മോദിക്ക് ജയിലില്‍ കഴിയേണ്ടിവരും. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന് ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബിജെപി പ്രതികരിച്ചു. അതേസമയം നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണു സൂചന. നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ പരിഗണിച്ച് നേരത്തെ നീരവ് മോദിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ബുധനാഴ്ച സ്കോട്ട്ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്തത് പുറത്ത് വന്നതിന് പിന്നാലെയാണ് നീരവ് മോദി രാജ്യം വിട്ടത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു.
ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടകപക്ഷിയുടെ തോല് കൊണ്ടു നിര്‍മിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ ‘ടെലഗ്രാഫ്’ പുറത്തുവിട്ടിരുന്നു. ആഡംബര പാര്‍പ്പിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറില്‍ വിശാലമായ അപാര്‍ട്ട്മെന്റും, സോഹോയില്‍ പുതിയ വജ്രാഭരണശാലയും നീരവ് മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനും ആവശ്യമായ നാഷനല്‍ ഇന്‍ഷുറന്‍സ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.