സെല്‍ഫി എടുക്കാറില്ല; ഇതുവരെ എടുത്തിട്ടുമില്ല; വിവാദങ്ങള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി

തിരുവനന്തപുരം: വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണത്തില്‍ മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍മീഡിയ കൈകാര്യം ചെയുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്നു സമൂഹമാധ്യമത്തിലെ കുറിപ്പില്‍ കണ്ണന്താനം വിശദീകരിച്ചു.

ഇതുവരെ സെല്‍ഫി എടുത്തിട്ടില്ല. 40 വര്‍ഷം പൊതുരംഗത്തു നിസ്വാര്‍ത്ഥമായി ജനസേവനം നടത്തുന്ന വ്യക്തിയാണ്. പിതാവും സൈനികനായിരുന്നതിനാല്‍ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു ചെറുപ്പം മുതലേ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താതെ രാഷ്ട്ര പുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണു യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയ്യേണ്ടത്.– കേന്ദ്രമന്ത്രി വ്യക്തമാക്കി.

കണ്ണന്താനത്തിന്റെ കുറിപ്പില്‍നിന്ന്:

കശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്തകുമാറിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെല്‍ഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അതു വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്തു സോഷ്യല്‍മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണു മേല്‍പറഞ്ഞ ചിത്രം.

ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസ്സിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്. എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളതു കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്തു വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ടു നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7