തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളരാഷ്ട്രീയത്തിലേക്കു മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മടങ്ങിയെത്തുമെന്ന് സൂചന. കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംഘടനാചുമതലയുള്ള ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാലും ആര്‍.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചര്‍ച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ ഈയാവശ്യം ഉന്നയിച്ചത്. ബി.ജെ.പി. സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബി.ജെ.പി. സംസ്ഥാന കോര്‍ സമിതി യോഗവും ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ആലോചന. കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആര്‍.എസ്.എസ്. ആഗ്രഹിക്കുന്നത്. മോഹന്‍ലാല്‍ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചതായാണു സൂചന. ഗവര്‍ണര്‍ എന്നനിലയില്‍ മുമ്പു നിശ്ചയിച്ചിരുന്ന ഔദ്യോഗികചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച വൈകീട്ട് കേരളത്തിലെത്തുന്നുണ്ട്.