ഡല്‍ഹി: റഫാല്‍ കരാറില്‍ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ ഗാന്ധി നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നുവന്നും രാജ്യത്തെ തെറ്റിധരിപ്പിക്കാനായി നടത്തിയ ഏറ്റവും വലിയ ശ്രമമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സത്യം സുപ്രീം കോടതിയില്‍ തെളിഞ്ഞു. വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി മൗനത്തിലായെന്നും അമിത് ഷാ പരിഹസിച്ചു. ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും മാപ്പ് പറഞ്ഞേതീരൂവെന്ന് അമിത് ഷാ പറഞ്ഞു. റഫാല്‍ കരാറില്‍ ഒഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു പങ്കുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നതാണ്, അത് ഇപ്പോള്‍ സുപ്രീം കോടതിയില്‍ വീണ്ടും തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി റഫാല്‍ കരാറിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ആരോപണം ഉന്നയിക്കാന്‍ വിവരങ്ങള്‍ ലഭിച്ചതെവിടെ നിന്നാണെന്ന് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവല്ക്കാരന് കള്ളനല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ സത്യം വിജയിച്ചെന്നും ജനങ്ങളോടും സൈനികരോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത കോണ്‍ഗ്രസിനെ അമിത് ഷാ വിമര്‍ശിച്ചു. ചര്‍ച്ച നടത്താന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. രാജ്യത്തിന് അതിലൂടെ യാഥാര്‍ഥ്യം മനസിലാക്കാനാകുമായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജെപിസി രൂപികരിക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അമിത് ഷാ ആരോപിച്ചു.