ശബരിമല വിഷയം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇത് മൂന്നാം ദിവസമാണ് ശബരിമലവിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നിയമസഭാ നടപടികള്‍ നടസപ്പെടുത്തുന്നത്.
ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും അതല്ലങ്കില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ആദ്യം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സ്പീക്കര്‍ തയ്യാറായില്ല. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. ബഹളം വീണ്ടും തുടര്‍ന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോള്‍ എട്ട് മണിക്കൂര്‍ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലിചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യത്തര വേള റദ്ദാക്കി സഭ പിരിച്ചുവിടുകയായിരുന്നു.
സ്പീക്കറുടെ കാഴ്ച്ച മറച്ചാണ് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നത്. ഇതോടെ പ്രതിപക്ഷം അതിരുകടക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയുകയാണെന്നും, പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ട് ചോദ്യത്തരവേള തടസപ്പെട്ടുവെന്ന വാദം തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ ചേംബറിലെത്തി സ്പീക്കറെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7