ചെന്നൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമനില. ചെന്നൈയിന്‍ എഫ്‌സിയുമായുള്ള മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. വിജയമുറപ്പിച്ച മത്സരങ്ങള്‍ അവസാനഘട്ടത്തില്‍ സമനിലയിലും പരാജയത്തിലും കൊണ്ടവസാനിപ്പിക്കുന്നുവെന്ന പേരുദോഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടൊഴിയുന്നില്ലഎന്ന വേണം പറയാന്‍. ജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോടും ഗോള്‍രഹിത സമനില വഴങ്ങിയിരിക്കുകയാണ് മഞ്ഞപ്പട.
മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ചെന്നൈയിന്‍ അതെല്ലാം പാഴാക്കിയപ്പോള്‍, ലെന്‍ ഡുംഗലിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റില്‍ത്തട്ടി തെറിച്ചു. മറുവശത്ത്, ബോക്‌സിനുള്ളില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അവസരം പാഴാക്കിയ തോയ് സിങ്ങിന്റെ പിഴവ് ബ്ലാസ്‌റ്റേഴ്‌സിന് അനുഗ്രഹമായി. പോസ്റ്റിനു മുന്നില്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ തകര്‍പ്പന്‍ സേവുകളും ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു.
ഒന്‍പത് മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് എട്ട് പോയിന്റോടെ ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ചെന്നൈയിന് സ്ഥാനക്കയറ്റം ലഭിച്ചു. അവര്‍ ഇപ്പോള്‍ എട്ടാമതാണ്. പുണെയെയാണ് മറികടന്നത്.
കാര്യമായ ഗോള്‍ അവസരങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങിയത്.
ഇരു ടീമുകളും താളം കണ്ടെത്താന്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. 4,2,3, 1 ശൈലിയില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ഫോമിലായത്. എന്നാല്‍, നല്ല ഗോളവസരം ഉണ്ടാക്കാന്‍ അവര്‍ക്കായില്ല.
പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതല്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങള്‍ പാഴാക്കി.