കണ്ണൂര്‍: മലപ്പുറത്തെ വീട്ടമ്മ 2 വര്‍ഷമായി മന്ത്രി കെ.ടി.ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നു വിവരാവകാശ രേഖകള്‍. തന്റെ ഔദ്യോഗിക വസതിയില്‍ സഹായിയായി 2 വര്‍ഷമായി അവര്‍ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. മന്ത്രിയുടെ സുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദള്‍ നേതാവിന്റെ ഭാര്യയാണു രേഖകളില്‍ മന്ത്രിമന്ദിരത്തില്‍ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല. ഔദ്യോഗിക വസതിയായ ‘ഗംഗ’യില്‍ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം 3 പേരാണു ‘ഗംഗ’യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്. ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി. മന്ത്രിയുടെ വസതിയിലെ ജീവനക്കാര്‍ ഇതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ പ്രതികരണമാണു നടത്തിയത്. തൊഴുവാനൂര്‍ സ്വദേശിനി അവധിയിലാണെന്നു മറ്റു ജീവനക്കാര്‍ അറിയിച്ചെങ്കിലും, എന്നു മുതലാണ് അവധിയില്‍ പോയതെന്നോ എന്നു തിരിച്ചു ജോലിയില്‍ പ്രവേശിക്കുമെന്നോ വിശദീകരിക്കാന്‍ അവര്‍ തയാറായില്ല.